തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?
കേ രളം സാക്ഷരതയുടെയും, ആരോഗ്യമേഖലയുടെയുമൊക്കെ സ്ഥാനത്തിൽ ഭാരതത്തിൽ ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസ്സു കുനിക്കേണ്ട ചില മേഖലകൾ കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാർത്ഥ്യം തന്നെ.അമിത മദ്യപാനസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വർദ്ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികൾ തന്നെയാണ് മുന്നിൽ എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുത തന്നെ. ബുദ്ധിജീവികൾ എന്ന പേരുകേട്ട കേരളീയർ ശാരീരികാരോഗ്യകാര്യങ്ങളിൽ കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം മേലുദ്ധരിച്ച പ്രസ്താവനകളുടെ വെളിച്ചത്തിൽ അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യ ദിനം കൂടെ ആഗതമാകുമ്പോൾ നമ്മൾ അധികം ശ്രദ്ധിക്കാത്ത, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളെപ്പറ്റി ചിന്തിക്കാം. മാനസികാരോഗ്യം കൈവരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം വൈകാരിക പക്വത കൈവരിക്കുകയെന്നത് തന്നെയാണ്. അകാരണമായി കോപിക്കുന്ന സ്വഭാവം, എല്ലാറ്റിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രകൃതം, സ്വയം ന്യായീകരിക്കാനുള്ള പ്രവണത, മനുഷ്യരെ തമ്മിൽ താരതമ്യപ്പെ