കടന്നുചെല്ലലായി മാറേണ്ട പെസഹാ

രവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെ ഒരു പെസഹാ തിരുനാൾ കൂടി ആഗതമായി. എളിമയുടെയും സ്നേഹത്തിന്റേതുമായ പുതിയ കല്പനയുടെയും, പൗരോഹിത്യ സ്ഥാപനത്തിന്റെയും, വിശുദ്ധ കുർബാന സ്ഥാപനത്തിന്റേയുമൊക്കെ ഓർമ്മയാചരിക്കുന്ന ഇന്നേദിവസം പ്രാർത്ഥനാനിരതരായിരിക്കുന്ന എല്ലാവർക്കും പെസഹാത്തിരുനാളിന്റെ  പ്രാർത്ഥനാശംസകൾ. 

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആഘോഷിക്കപ്പെട്ട ആദ്യ പെസഹാ ദിനത്തോട് സാമ്യമുള്ള  പെസഹാനാളാണ് ഇന്ന് എന്ന് തോന്നുന്നു. ഓശാന ദിനം വരെ ജനക്കൂട്ടത്തിന്റെ മധ്യത്തിലൂടെ കടന്നു പോയ ഈശോ, പെസഹാനാളിൽ അടച്ചിട്ട മാളികമുറിയിൽ സ്വന്തം ശിഷ്യന്മാരുടെ മാത്രം സാന്നിധ്യത്തിൽ ഏകാന്തതയിൽ പുതിയനിയമത്തിലെ ആദ്യ പെസഹാ ആചരിച്ചു. അതുപോലെ ദേവാലയങ്ങളിൽ എത്തിച്ചേരുവാനാകാതെ, വിശുദ്ധ ബലിയിൽ ശാരീരികമായി പങ്കെടുക്കുവാനാവാതെ മനസ്സുരുകി പ്രാർത്ഥിക്കുന്ന ക്രൈസ്തവ വിശ്വാസികളും, പൗരോഹിത്യ സ്ഥാപനദിനത്തിൽ ദേവാലയത്തിൽ ഏകനായി നിന്ന് തന്റെ അജഗണങ്ങൾക്ക് വേണ്ടി കൈകളുയർത്തി ബലിയർപ്പിച്ചുപ്രാർത്ഥിക്കുന്ന കർത്താവിന്റെ അഭിഷിക്തതരും, മനസിലും ശരീരത്തിലും രോഗത്തിൻറെ അസ്വസ്ഥത പേറി ഭവനങ്ങളിലും ആശുപത്രികളിലും ഏകാന്തതയിലായിരിക്കുന്നവരുമെല്ലാം ഇന്ന് നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങളായി മാറണം.
പെസഹാ എന്ന വാക്കിന്റെയർത്ഥം  കടന്നുപോകൽ എന്നാണല്ലോ. പഴയനിയമത്തിൽ  ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നുള്ള ഇസ്രയേൽ ജനങ്ങളുടെ വിമോചന കടന്നുപോകലിന്റെ അനുസ്മരണമായിരുന്നു പെസഹയെങ്കിൽ ഇക്കാലഘട്ടത്തിൽ പെസഹായുടെ അർത്ഥം അല്പം തിരുത്തി വായിക്കുന്നതാണുചിതമെന്ന് തോന്നുന്നു. കടന്നുപോകൽ എന്നതിനെ തൽക്കാലം  കടന്നു ചെല്ലൽ എന്നാക്കി ധ്യാനിക്കാം. ശാരീരികമായി പല മേഖലകളിലും കടന്നു ചെല്ലുവാൻ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് നമ്മളെങ്കിലും മാനസികവും ആത്മീയവുമായി നമ്മുടെ സഹോദരരിലേക്ക് നമുക്ക് കടന്നു ചെല്ലാം ... ഈശോ നമ്മിലേക്ക് കടന്നു വരുവാൻ സ്വീകരിച്ച വഴി സ്വയംഅപ്പമായി മാറുക എന്നതായിരുന്നു.ഈ പെസഹാനാളിൽ നമുക്കും നമ്മുടെ സഹോദരങ്ങളിലേക്ക് കടന്നുചെല്ലാം .....
പ്രാർത്ഥനയുടെ രൂപത്തിൽ .....
ആശ്വാസ വചനങ്ങളുടെ രൂപത്തിൽ ......
നല്ലൊരു അയൽക്കാരനായി......
അല്ല, മറ്റൊരു ക്രിസ്തുവായി .....
നമ്മുടെ കടന്നുചെല്ലൽ വഴി നമ്മുടെ സഹോദരങ്ങളുടെ ഹൃദയത്തിൽ പ്രത്യാശയുടെ തിരിനാളങ്ങൾ എരിയട്ടെ .

പെസഹാതിരുനാളിന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഒത്തിരി സ്നേഹത്തോടെ നേർന്നുകൊണ്ട്

✍️ഫാ. ജോമോൻ ചവർപുഴയിൽ സിഎംഐ
Please follow and subscribe to the Youtube channel:  https://www.youtube.com/user/Jomon2cmi

Comments

Popular posts from this blog

കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!

തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?

രണ്ടായിരത്തി ഇരുപത്തിനാല് വിടവാങ്ങുമ്പോൾ ...