ദേവാലയങ്ങൾ അടഞ്ഞാലും നിലയ്ക്കാത്ത ഓശാനവിളികൾ

ലോകം മുഴുവനുമുള്ള ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടന്നു. ദേവാലയത്തിലെ ഭക്തിപൂർവ്വമായ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ ബലിയ്ക്കുമിശേഷം കൈകളിൽ കുരുത്തോലകളുമേന്തി, ആബാലവൃദ്ധം ക്രൈസ്തവ വിശ്വാസികൾ ആഹ്ലാദം നിറഞ്ഞ മനസ്സുമായി ഭവനങ്ങളിലേക്ക് കൊണ്ടുപോയി പൂജ്യമായ സ്ഥലത്ത് കുരുത്തോലകൾ പ്രതിഷ്ഠിക്കുന്ന നാളുകൾ മനസ്സിലെ നനവുള്ള നിലവുകൾ മാത്രമായി... 

സ്വന്തം ഉമ്മറത്തിൻറെ വാതിൽപ്പടികൾ ലക്ഷ്മണരേഖയാക്കി വിശ്വാസികൾ നീറുന്ന വേദനയോടെ നെഞ്ചുരുകി ഈ ദിവസങ്ങളിൽ പ്രാർത്ഥിച്ചു 'ഓശാന'... 

'ഓശാന' എന്ന പദത്തിന്റെയർത്ഥം തന്നെ 'കർത്താവേ ഞങ്ങളെ രക്ഷിക്കണമേ' എന്നാണല്ലോ. മുൻവർഷങ്ങളിൽ ഓശാനത്തിരുനാൾ പലർക്കുമൊരു  അനുഷ്ഠാനമായിരുന്നെങ്കിൽ ഇക്കൊല്ലം അത് ഹൃദയത്തിന്റെ ഒരു നിലവിളിപ്രാർഥനയായിത്തന്നെ പരിണമിച്ചു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കുരുത്തോലകളും ദിവ്യബലിയും പ്രത്യക്ഷത്തിൽ ഓശാനനാളിൽ വിശ്വാസിക്ക് അനുഭവവേദ്യമായില്ലെങ്കിലും, ഓശാനയുടെ ആന്തരാർത്ഥം അറിയാതെയാണെങ്കിലും ക്രൈസ്തവന്റെ ഹൃദയത്തിൽ നിന്നുയർന്നു...   

വിശ്വാസികളില്ലാതെ ശൂന്യമായ ദേവാലയവും, ദേവാലയത്തിൽ എത്തുവാൻ മനസ്സുകൊണ്ടാഗ്രഹിച്ചെങ്കിലും സാധിക്കാതെ മുൻവർഷങ്ങളേക്കാൾ പതിമടങ്ങ് തീക്ഷ്ണതയോടെ നീറുന്ന മനസ്സുകളുമായി സ്വഭവനത്തിലിരുന്ന് പ്രാർത്ഥിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ വഴി ദാഹത്തോടെ വിശുദ്ധ ബലിയിൽ പങ്കുകൊണ്ട ക്രൈസ്തവരും; കർത്താവിന്റെയും മാലാഖവൃന്ദങ്ങളുടെയും സാന്നിധ്യത്തിൽ കുരുത്തോല കൈകളിലേന്തി തങ്ങളുടെ അജഗണങ്ങൾക്കുവേണ്ടി നെടുവീർപ്പിട്ട് മനസ്സുരുകി പ്രാർത്ഥിച്ചു ബലിയർപ്പിച്ച കർത്താവിന്റെ പുരോഹിതരും; ആശുപത്രി കിടക്കകളിലും വീടുകളിലുമായി ഹൃദയത്തിൽ ഓശാന വിളി ഏറ്റെടുത്ത രോഗികളും, കർത്താവിന്റെ കരങ്ങളായി പ്രവർത്തിക്കുന്ന നഴ്സുമാരും ഡോക്ടർമാരും, രോഗീശുശ്രൂഷകരും സന്നദ്ധസംഘടനാംഗങ്ങളും,ഭരണാധികാരികളും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ ഹൃദയത്തിൽ വിളിക്കുന്നു ഓശാന...                                          

കർത്താവേ രക്ഷിക്കേണമേ...       

മർതൃരായ ഞങ്ങളെ  രക്ഷിക്കേണമേ ....  

അങ്ങനെ പതിമടങ്ങ് തീഷ്ണതയോടെ, പ്രാർത്ഥനയോടെ ഈ വിശുദ്ധവാരം നമുക്കാചരിക്കാം... 

നമ്മുടെ വേദനകളെ കർത്താവിന്റെ കുരിശോടു ചേർത്തുവയ്ക്കാം... 

 ഒടുവിൽ ഒരു ഈസ്റ്ററനുഭവം  നൽകി കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ ....

ഒത്തിരി സ്നേഹത്തോടെ .....

✍️ ഫാ. ജോമോൻ ചവർപ്പുഴയിൽ സി. എം. ഐ


Please follow and subscribe to the Youtube channel:  https://www.youtube.com/user/Jomon2cmi


Comments

Popular posts from this blog

കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!

തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?

രണ്ടായിരത്തി ഇരുപത്തിനാല് വിടവാങ്ങുമ്പോൾ ...