മരണത്തിനും പരിഹാരമുണ്ട്
മൃഗങ്ങളെ പോലെ ജീവിച്ചു മരിച്ചു ആറടി മണ്ണിൽ അവസാനിക്കേണ്ടതല്ല മനുഷ്യ ജന്മം എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് തിരുവുത്ഥാനത്തിരുന്നാൾ. ശരിയാണ് ഈ കാലഘട്ടത്തിൽ നാം ഏറെ ഭീതിയിലാണ്. സോപ്പുപയോഗിച്ച് നന്നായിയൊന്നു കഴുകിയാൽനിർവീര്യമായി പോകാവുന്ന ഒരു വൈറസ് വലിയ വില്ലനായി കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ എന്തുചെയ്യണമെന്നറിയാതെ കൈമലർത്തുമ്പോഴും,ഇവയ്ക്കൊരു പരിഹാരം കണ്ടെത്തുവാൻ ശാസ്ത്രം കിണഞ്ഞു ശ്രമിക്കുമ്പോഴും, പതിനായിരക്കണക്കിനാളുകൾ ഇതിന്റെ ഫലമായി മരിച്ചു വീഴുമ്പോഴും, പ്രതിസന്ധികളുടെ കാലത്ത് ആശ്വാസത്തണലാകേണ്ട ആരാധനാലയങ്ങൾ പോലും ജനശൂന്യമായിപ്പോയപ്പോഴും നമ്മുടെ മനസ്സിൽ ഒരു ചിന്ത ഉയർന്നിട്ടുണ്ടാവണം ഇതിനപ്പുറം എന്ത്; ദൈവം മനുഷ്യനെ ഉപേക്ഷിച്ചോയെന്നൊക്കെ. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഉണ്ട് ഉത്ഥിതനായ ക്രിസ്തുവിൽ. മരണത്തെയും പരാജയങ്ങളെയും ഉത്ഥാനത്തിനുള്ള ചവിട്ടുപടിയാക്കി മാറ്റിയവനാണവിടുന്ന്.
ലോകം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ക്വോറന്റയിൻ അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നവനാണല്ലോ ക്രിസ്തു.രോഗശാന്തി നേടിയവരും, അവിടുത്തെ അത്ഭുത പ്രവർത്തികൾ കണ്ടവരും തന്റെ പക്കൽനിന്ന് നന്മകൾ ഒട്ടനവധി സ്വീകരിച്ചവരും, എന്തിനേറെ സ്വഹൃദയത്തിന്റെ ഭാഗമായി മൂന്നു വർഷം കൊണ്ടുനടന്നവരുമൊക്കെ കണ്ടില്ലെന്ന് നടിച്ചപ്പോഴും തള്ളിപ്പറഞ്ഞു കുതറിയോടിയപ്പോഴും ആ ഹൃദയം എന്തുമാത്രം വേദനിച്ചിട്ടുണ്ടാവണം. സ്വജനങ്ങളെയും ബന്ധുക്കളെയും പിരിയേണ്ടിവന്ന് കൊടുംകുറ്റവാളിയെ പോലെ ഏകാന്തതയിൽ കാൽവരി കുരിശിന്റെ വിരിമാറിൽ അവസാനശ്വാസം എടുക്കുവാൻ കഷ്ടപ്പെട്ടപ്പോൾ അവിടുന്ന് എത്രമാത്രം അസഹനീയമായ വേദനയിൽകൂടി കടന്നുപോയിട്ടുണ്ടാവണം.
അതുകൊണ്ട്, സുഹൃത്തേ നിരാശയും, ബുദ്ധിമുട്ടുകളും, സഹനവും, രോഗവും, വേദനയുമെല്ലാം നിന്നെക്കാൾ കൂടുതൽ അറിയുന്നവനാണവിടുന്ന്. മാത്രമല്ല നിനക്ക് മുൻപേ ഇതിന്റെയായിരം മടങ്ങ് വിപരീതാനുഭവങ്ങളിലൂടെ കടന്നുപോയവനുമാണ്. അതുകൊണ്ട് ഉത്ഥിതൻ ഇന്ന് പറയുന്നത് ഇപ്രകാരമാകാം; "നിന്റെ സഹനങ്ങളെയോർത്ത് സന്തോഷിക്കുക; നിരാശമാറ്റി പ്രത്യാശയിലേക്ക് കടന്നുവരിക." നിന്റെ തകർച്ചയുടെ, രോഗത്തിന്റെ പിൻപിലുള്ള ഉത്ഥാനത്തിന്റെ, ഉയർച്ചയുടെ ഗന്ധം തിരിച്ചറിയുക. ആ പ്രത്യാശയിൽ ജീവിതം മാറ്റിയെഴുതുക.
തിരുവുത്ഥാനത്തിന്റെ ഒരായിരം ആശംസകൾ നേർന്നുകൊണ്ട്;
ഒത്തിരി സ്നേഹത്തോടെ
ഫാ. ജോമോൻ ചവർപ്പുഴയിൽ സി.എം. ഐ
Comments