ദുക്റാനത്തിരുനാൾ ഒരു ആഘോഷം മാത്രമോ?
പ്രിയ സഹോദരങ്ങളെ, ഇന്ന് തിരുസഭയിൽ മാർത്തോമാ ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുകയാണല്ലോ. എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ തിരുനാളിന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ കൈമാറിക്കൊടുക്കുവാൻ വേണ്ടി ദീർഘദൂരം താണ്ടി ഭാരതത്തിലെത്തി വിശ്വാസവെളിച്ചം അണയാതെ പകർന്നു തന്ന കർത്താവിന്റെ ശ്ലീഹാ, ക്രിസ്തു അനുഭവങ്ങൾ നെഞ്ചിൽ കത്തിയെരിഞ്ഞപ്പോൾ മറ്റെല്ലാം കാറ്റിൽ പറത്തി സത്യവിശ്വാസത്തിന് വേണ്ടി ജീവൻ ബലി കഴിക്കേണ്ടി വന്ന പിതാവ്, പേരിനും സമ്പത്തിനും അധികാരത്തിനും മുറവിളികൾ നടക്കുമ്പോൾ ക്രിസ്തുവിനെപ്രതി സകലതും ഉച്ചിഷ്ടമായി കരുതിയ ധീരൻ, എട്ടുദിവസത്തെ ശാഠ്യത്തിനൊടുവിൽ ക്രിസ്തുവിനെ തൊട്ടറിയാൻ, അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ച അരുമശ്ലീഹാ, ഈ മഹാ വിശുദ്ധന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ക്രൈസ്തവ ജീവിതത്തിലേക്ക് കടന്നു വരാം.
ഉത്ഥിതനായ കർത്താവിന്റെ തിരുമുറിവുകളെ ധ്യാനിച്ചനുഭവിച്ച ശ്ലീഹായ്ക്ക് ചുറ്റുമുള്ളവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകളെ അവഗണിക്കാനായില്ല. ഈശോയെ അറിയാത്തവരുടെ പക്കലേക്ക് സഹനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചുകൊണ്ട് ആ ശിഷ്യൻ യാത്രതിരിച്ചു; കയ്യിൽ അണയാത്ത വിശ്വാസ ദീപവും, ഹൃദയത്തിൽ തീരാത്ത സൗഖ്യ തീർത്ഥവുമായി.
പലപ്പോഴും ചുറ്റും സഹനമനുഭവിക്കുന്നവരെയും, ക്ലേശിതരേയും കണ്ടില്ലെന്നു നടിക്കുമ്പോൾ യഥാർത്ഥത്തിൽ നാം ക്രൂശിതനെ അനുഭവിച്ചറിഞ്ഞിട്ടില്ല എന്നുവേണം അനുമാനിക്കാൻ; കാരണം കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞവനെ പ്രഘോഷിക്കാതിരിക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടെടുത്തവരാണല്ലോ അവിടുത്തെ ശിഷ്യന്മാർ ഓരോരുത്തരും.
ഭാരതത്തിലെത്തി ഏഴര പള്ളികൾ സ്ഥാപിച്ചു നമ്മുടെ പൂർവികരെ സത്യവെളിച്ചം കാണിച്ചുകൊടുത്ത്, നെഞ്ചിലേറ്റു വാങ്ങിയ ക്രിസ്താനുഭവം കൈമാറി വിശ്വാസത്തെ ജ്വലിപ്പിച്ച ഈ ശ്ലീഹ പൈതൃകമായി തന്ന വിശ്വാസത്തെ വീണ്ടും വീണ്ടും ഉജ്വലിപ്പിക്കാൻ സാധിച്ചോയെന്നത് നമുക്കൊരു ചോദ്യചിഹ്നമാണ്. പുരോഗമനത്തിന്റെ കാര്യത്തിൽ നാം ഒത്തിരിയേറെ വളർന്നു. കഷ്ടിച്ച് ഏഴരപ്പള്ളികൾ മാത്രം സ്ഥാപിച്ച് തോമാശ്ലീഹ കടന്നു പോയെങ്കിൽ ഇന്ന് നോക്കുന്നിടത്തെല്ലാം ദേവാലയങ്ങൾ, ലക്ഷക്കണക്കിന് സമർപ്പിതർ, ആയിരക്കണക്കിന് പുരോഹിതർ,കോടിക്കണക്കിന് അല്മായർ .... ഇങ്ങനെ ചിന്തിച്ചാൽ സഭ വളർന്നു എന്നു പറയാൻ ഇനിയെന്തു വേണം? പക്ഷേ നമ്മുടെ വിശ്വാസം എന്തുമാത്രം വികസിച്ചു ? സ്ഥാപനങ്ങൾ വികസിക്കുന്നതിനനുസരിച്ച് നമ്മുടെ വിശ്വാസം വർദ്ധിക്കുന്നില്ലെങ്കിൽ നമ്മുടെ ക്രൈസ്തവജീവിതം വ്യർത്ഥമായിത്തീരും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ വെല്ലുവിളി യഥാർത്ഥ ക്രിസ്തീയ വിശ്വാസം മായം ചേർക്കാതെ കാത്തുസൂക്ഷിക്കുകയെന്നതാണെന്നു തോന്നുന്നു. തലമുറകളിലൂടെ നമുക്ക് പകർന്നു കിട്ടിയ വിശ്വാസം,നമ്മുടെ പൂർവ പിതാക്കന്മാർ കാത്തുസൂക്ഷിച്ച് ജീവിച്ചു കാണിച്ച അതേ വിശ്വാസം; പാഞ്ഞുവരുന്ന മഴവെള്ളപ്പാച്ചിലിലും, പൊട്ടിപ്പുറപ്പെട്ട മതമർദ്ദനത്തിലും,വീശിയടിച്ച കൊടുങ്കാറ്റിലും തകരാതെ ജീവിച്ച വിശ്വാസം നമ്മുടെ ജീവിതങ്ങൾക്ക് ബലമേകട്ടെ. ക്രൈസ്തവജീവിതം നിരത്തുകളിൽ ചർച്ച ചെയ്യപ്പെടുമ്പോഴും, തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില ആളുകളുടെ ചെറിയ വീഴ്ചകൾ പോലും ചാനലുകളിൽ വിചാരണ ചെയ്യപ്പെടുമ്പോഴും ക്രൈസ്തവജീവിതം രക്തസാക്ഷിത്വ മെന്നതുപോലെ ജീവിച്ചുതീർക്കേണ്ടി വരുമ്പോഴും ഈ ധീരരക്തസാക്ഷിയുടെ ജീവിത മാതൃക നമ്മെ വഴി നടത്തട്ടെ. ഒരിക്കൽകൂടി ദുക്റാന തിരുനാളിന്റെ എല്ലാവിധ പ്രാർത്ഥനാശംസകളും നേർന്നുകൊണ്ട്
ഒത്തിരി സ്നേഹത്തോടെ
ഫാ. ജോമോൻ ചവർപ്പുഴയിൽ സി.എം. ഐ
Comments