കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!


             കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ഏതാനും ദിവസങ്ങളായിരുന്നല്ലോ കടന്നുപോയത്. നെയ്തു കൂട്ടിയ സ്വപ്നങ്ങൾ മാത്രമല്ല അനേകം പേരുടെ ജീവനും ജീവിതങ്ങളും കവർന്നെടുത്ത വയനാട്ടിലെ പ്രകൃതിദുരന്തത്തെക്കുറിച്ച് നിറഞ്ഞ മിഴികളോടെയല്ലാതെ ആർക്കും പറയാനോ ശ്രവിക്കുവാനോ സാധിക്കുകയില്ല എന്നതാണ് സത്യം. ഒരു രാത്രിയിലെ ഏതാനും മിനിറ്റുകൾ കൊണ്ട് സകലതും തട്ടിയെടുത്ത ഈ പ്രകൃതിദുരന്തം സമാനതകളില്ലാതെ കേരളം കണ്ട മഹാദുരന്തം തന്നെ...


            ഈ ദുരന്തം പോലെ തന്നെ  പ്രത്യാശയോടെ,  കരുതലോടെ വീണ്ടും ജീവിക്കാൻ ഉൾക്കരുത്ത് നൽകുന്ന ഒത്തിരിയേറെ ഹൃദയം തുടിപ്പിക്കുന്ന കാഴ്ചകൾക്കും നമ്മുടെ ഈ കൊച്ചു കേരളം ഈ നാളുകളിൽ സാക്ഷ്യം വഹിച്ചു എന്നതും എടുത്തു പറയേണ്ട യാഥാർത്ഥ്യമാണ്.  അലട്ടിക്കൊണ്ടിരിക്കുന്ന സങ്കീർണ്ണ പ്രശ്നങ്ങളെ സങ്കീർത്തനങ്ങളാക്കി മാറ്റുവാൻ തങ്ങളെ തന്നെ മറന്നു ഉദാരമായി പ്രവർത്തിച്ചവരെ നാം ഒരിക്കലും മറന്നുകൂടായെന്ന് മാത്രമല്ല അത് മലയാളികളുടെ ഒരു പൊൻതൂവലായി എന്നും നിലനിൽക്കും എന്നതിന് തെല്ലും സംശയമില്ല.

                 സ്വന്തം സ്വാർത്ഥതയ്ക്കും ലാഭത്തിനുംവേണ്ടി പാലങ്ങൾ പൊളിച്ച് ബന്ധങ്ങൾക്ക് മതിൽക്കെട്ടുകൾ തീർക്കുന്ന ഈ ആധുനിക സമൂഹത്തിൽ മത രാഷ്ട്രീയ-സമുദായ വേലിക്കെട്ടുകൾക്കപ്പുറത്ത് മനുഷ്യരെ സ്വന്തം കൂടപ്പിറപ്പുകളായി കണ്ട് സ്നേഹിക്കുന്ന ഒട്ടേറെ നല്ലമനുഷ്യരുള്ള നാടാണ് നമ്മുടെ കേരളമെന്നത് ഏറെ പ്രത്യാശ പകരുന്ന യാഥാർത്ഥ്യമാണ്. തങ്ങൾ പ്രസവിച്ചതല്ലാത്ത കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകുവാൻ സന്നദ്ധത അറിയിച്ച അമ്മമാർ ഉള്ള നമ്മുടെ നാട്, മത സാമൂഹിക ചിന്തകൾക്കപ്പുറത്ത് ദുരിതബാധിതർക്ക് തങ്ങളുടെ വീടുകൾ വ്യവസ്ഥകൾ ഇല്ലാതെ താമസിക്കുവാനായി തുറന്നു നൽകിയ നല്ല മനുഷ്യർ, പൈതൃകമായി കിട്ടിയതോ അധ്വാനിച്ചുണ്ടാക്കിയതോ ആയ വീടുകളും പുരയിടങ്ങളും നല്ല മനസ്സോടെ സൗജന്യമായി ദുരിതബാധിതർക്ക് പകുത്തു നൽകുന്ന വിശാലമനസ്കർ; തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വ്യക്തികളുടെ ചേതനയറ്റ ദുർഗന്ധം വമിക്കുന്ന വിരൂപമായ മതശരീരങ്ങൾ കഴുകി വൃത്തിയാക്കി മറവ് ചെയ്യാൻ സഹായിക്കുന്നവരും അവരുടെ  ബന്ധുക്കളെ കണ്ടുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരുമായ ഒരു കൂട്ടം നല്ല സന്നദ്ധ പ്രവർത്തകർ; തങ്ങളുടെ ഊണും ഉറക്കവും എല്ലാം അവഗണിച്ച് നിസ്വാർത്ഥമായി ദുരന്ത ഭൂമിയിൽ സേവനമനുഷ്ഠിക്കുന്ന നമ്മുടെ രാജ്യത്തിൻ്റെ കാവലാളുകളായ പട്ടാളക്കാരും ആരോഗ്യ പ്രവർത്തകരും; ദുരന്തത്തെ കുറിച്ചുള്ള വാർത്ത അറിഞ്ഞനാൾ മുതൽ രാജ്യത്തിൻ്റെ പ്രത്യേകിച്ച് കേരളത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി നിസ്വാർത്ഥ സഹായങ്ങളുമായി കൂടെ നിൽക്കുന്ന ഹൃദയ നൈർമല്യവും മനസ്സലിവു മുള്ള നല്ല മനുഷ്യരും മത രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും; കൗതുകത്തിനും,  മുഷിപകറ്റാനും, സൗഹൃദത്തിനും ഉപയോഗിച്ചുകൊണ്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരിതബാധിതരെ കുറിച്ചുള്ള അറിവ് പങ്കുവയ്ക്കുവാനും സഹായം അഭ്യർത്ഥിക്കുവാനുമായി ഉപയോഗിച്ച ഒട്ടനവധി പേർ, അങ്ങനെ ഈ നിര നീളുന്നു....

            ഇതെല്ലാം ഒരു ഓർമ്മപ്പെടുത്തലല്ലേ?ഈ കേരളക്കരയിൽ ആരും അനാഥരല്ല എല്ലാവരും എല്ലാവരുടെയും എല്ലാ മാണെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ... നമ്മുടെയെല്ലാം സിരകളിലൂടെ ഒഴുകുന്ന രക്തത്തിൻ്റെ നിറവും നാം ശ്വസിക്കുന്ന വാതകവും ഒന്നാണെന്ന ഓർമ്മപ്പെടുത്തൽ...ഇപ്പോൾ നമ്മുടെ കീഴിലുള്ളവ നമ്മുടെ സ്വന്തമല്ലയെന്നും നമുക്ക് ദാനമായി കിട്ടിയതാണെന്നും അത് എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കപ്പെടാമെന്നുമുള്ള ഓർമ്മപ്പെടുത്തൽ...

ഈ ആധുനിക യുഗത്തിൽ നല്ല സുവിശേഷം ജീവിക്കുന്ന ഒരു നാട്ടിൽ ജനിക്കാൻ ഇടയായതിൽ നമുക്ക് അഭിമാനിക്കാം. വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ "സർവ്വോപരി എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം" (കൊളോ 3:14) പരിശീലിക്കാൻ ഉതകുന്ന വെല്ലുവിളിയായി ഈ ദുരന്തത്തെ കാണുവാൻ നമുക്ക് പരിശ്രമിക്കാം. അപരന്റെ ജീവിതത്തിൽ ഒരു ക്രിസ്തുവായി തീരുവാനുള്ള വിധി തന്നെയല്ലേ നമ്മുടെ ആത്യന്തിക വെല്ലുവിളി...?


ഒത്തിരി സ്നേഹത്തോടെ 

                    ✍️ ഫാ. ജോമോൻ ചവർപ്പുഴയിൽ സി.എം. ഐ

Comments

Anonymous said…
Very powerful message dear Father
Anonymous said…
♥️♥️
Anonymous said…
Powerful and hearttouching

Popular posts from this blog

തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?

രണ്ടായിരത്തി ഇരുപത്തിനാല് വിടവാങ്ങുമ്പോൾ ...