തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?



 കേരളം സാക്ഷരതയുടെയും, ആരോഗ്യമേഖലയുടെയുമൊക്കെ സ്ഥാനത്തിൽ ഭാരതത്തിൽ ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസ്സു കുനിക്കേണ്ട ചില മേഖലകൾ കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാർത്ഥ്യം തന്നെ.അമിത മദ്യപാനസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വർദ്ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികൾ തന്നെയാണ് മുന്നിൽ എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുത തന്നെ. ബുദ്ധിജീവികൾ എന്ന പേരുകേട്ട കേരളീയർ ശാരീരികാരോഗ്യകാര്യങ്ങളിൽ കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം മേലുദ്ധരിച്ച പ്രസ്താവനകളുടെ വെളിച്ചത്തിൽ അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യ ദിനം കൂടെ ആഗതമാകുമ്പോൾ നമ്മൾ അധികം ശ്രദ്ധിക്കാത്ത, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളെപ്പറ്റി ചിന്തിക്കാം.

മാനസികാരോഗ്യം കൈവരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം വൈകാരിക പക്വത കൈവരിക്കുകയെന്നത് തന്നെയാണ്. അകാരണമായി കോപിക്കുന്ന സ്വഭാവം, എല്ലാറ്റിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രകൃതം, സ്വയം ന്യായീകരിക്കാനുള്ള പ്രവണത, മനുഷ്യരെ തമ്മിൽ താരതമ്യപ്പെടുത്തുന്ന മനോഭാവം എന്നിവയൊക്കെ വൈകാരിക അപക്വതയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ്.  തുറന്ന മനോഭാവവും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദയ വിശാലതയും, ബോധ്യങ്ങളിൽ ദൃഢതയും പുലർത്തുന്നത് വഴി ഒരു പരിധി വരെ വൈകാരിക പക്വതയും ആഴപ്പെടാനാകും. മാറ്റേണ്ടത് മാറ്റുക എന്നതും മാറ്റാനാവാത്തത് അംഗീകരിക്കുക എന്നതും വൈകാരിക പക്വതയുള്ളവരുടെ പ്രത്യേകതയാണ്.

ജീവിത സാഹചര്യങ്ങളും, ഭക്ഷണവും, ജീവിതശൈലിയും മാറുന്നതനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള രോഗങ്ങൾ പെരുകുന്നതുപോലെ മനുഷ്യ ജീവിതത്തിൽ വ്യത്യസ്തങ്ങളായ വിപരീത സാഹചര്യങ്ങൾ ഉണ്ടാകുകയെന്നത് സ്വാഭാവികം തന്നെ. ടെൻഷൻ ഫ്രീയായി ഒരു ജീവിതം പ്രായോഗികമല്ലെന്ന് മാത്രമല്ല; വിപരീത സാഹചര്യങ്ങൾ നമ്മുടെ മാനസിക ശക്തി വർദ്ധിപ്പിക്കുന്നു എന്നത് തന്നെയാണ് സത്യം. "ശാന്തമായ കടൽ പ്രഗൽഭനായ ഒരു കപ്പിത്താനെ രൂപപ്പെടുത്തുകയില്ല." എന്ന പഴമൊഴി പോലെ എത്രമാത്രം പ്രശ്നസങ്കീർണ്ണമാണോ നമ്മുടെ ചുറ്റുപാട് അത്രമാത്രം നാം കരുത്തുള്ളവരായിത്തീരും, നാം ക്രിയാത്മകമായി പ്രതികരിക്കണം എന്നുമാത്രം.

എങ്ങനെ ക്രിയാത്മകമായ ഒരു ജീവിതം നയിക്കാം? ഏറ്റവും പ്രധാനമായി സ്വയം അറിയുവാൻ പരിശ്രമിക്കുക. കഴിവുകളെയും, ബലഹീനതകളെയും കൂടുതൽ സ്വയം മനസ്സിലാക്കുന്നതനുസരിച്ച് നമ്മെ പ്രചോദിപ്പിക്കുന്ന സാഹചര്യങ്ങളെയും അതേസമയം പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങളെയും ഏറെ അടുത്തറിയുവാൻ സാധിക്കും. മാനസിക സംഘർഷത്തിന് കുറെയധികം കാരണങ്ങൾ മനശാസ്ത്രജ്ഞൻമാർ നിരത്താറുണ്ടെങ്കിലും, ചുരുക്കി പറഞ്ഞാൽ നാം പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും നമ്മുടെ ജീവിതത്തിലേക്ക് നാം ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മാനസിക
സംഘർഷം എന്നതാണ് യാഥാർത്ഥ്യം. അതിനാൽ നമ്മെ തന്നെ പൂർണമായി അറിയാൻ ശ്രമിക്കുന്നതിലൂടെ ഒരു പരിധിവരെ നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാം. സ്വയം മനസ്സിലാക്കാത്ത ഒരുവന് അപരനെ അംഗീകരിക്കുക അത്ര എളുപ്പമല്ല; തന്മൂലം ബന്ധങ്ങളിൽ വിള്ളലുകൾ വീഴുകയെന്നതും സ്വാഭാവികം തന്നെ.. 

രണ്ടാമതായി ചെയ്യേണ്ടത്  വർത്തമാനകാലത്തിൽ ജീവിക്കുക (Live in the Present) എന്നതാണ്. മിക്കപ്പോഴും കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചുള്ള ദുഃഖസ്മരണകളും, കദനാനുഭവങ്ങളും; ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും ആകുലതകളും മനസ്സിൽ സൂക്ഷിക്കുന്നത് വഴി നമ്മുടെ സന്തോഷംചോർന്ന് പോകുകയും വർത്തമാനകാലത്തിൽ ജീവിക്കാൻ നാം മറന്നുപോകുകയും ചെയ്യുന്നു. ഏതാനും നാളുകൾക്ക് മുമ്പ് മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരനെ കാണാനിടയായത് ഓർക്കുന്നു. നീ എങ്ങനെയാണ് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത് എന്ന ചോദ്യത്തിന് "ഇത് ഉപയോഗിച്ചാൽ എല്ലാം മറന്ന് ചൊവ്വഗ്രഹത്തിലൂടെ യാത്ര ചെയ്യുന്ന ഒരു അനുഭവം ഉണ്ടാകും എന്ന് കൂട്ടുകാരൻ പറഞ്ഞു" എന്ന് ഉത്തരം പറഞ്ഞ ആ ചെറുപ്പക്കാരൻ ചൊവ്വയും, ബുധനും, വ്യാഴവും,വെള്ളിയും, ഇന്നലെയും,ഇന്നും എന്തിനേറെ പറയുന്നു ബോധം പോലും ഇല്ലാത്ത സ്ഥിതിയിൽ എത്തിച്ചേർന്നു എന്നതാണ് യാഥാർത്ഥ്യം. വർത്തമാനകാലത്തിൽ നിന്ന് ഓടി ഒളിക്കാൻ ശ്രമിച്ചാൽ ഇതാകും ഫലം. അതുകൊണ്ട് ഇന്നിൽ ജീവിക്കാൻ ശ്രമിക്കാം. അതുകൊണ്ട് ഇന്നലകളുടെ എച്ചിൽക്കൂമ്പാരങ്ങളിലോ, നാളെയുടെ ഭാവനാസൃഷ്ടികളിലോ ജീവിക്കാതെ ഇന്നിൻ്റെ യാഥാർത്ഥ്യങ്ങളിലായിരിക്കാം.

അടുത്ത പടി മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുക എന്നതാണ്. മനുഷ്യൻറെ സ്വാഭാവികമായ ഒരു പ്രത്യേകത ക്രിയാത്മക കാര്യങ്ങളെക്കാൾ നിഷേധാത്മക കാര്യങ്ങളെ കൂടുതൽ ശ്രദ്ധിക്കുകയെന്നതാണ്. മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന ലഹരിമരുന്ന്, മദ്യപാനം, തെറ്റായ ബന്ധങ്ങൾ, അമിത ലൈംഗികസക്തി, അമിതമായ ഇലക്ട്രോണിക് ഗാർജെറ്റുകളുടെ ഉപയോഗങ്ങൾ ഇവയുടെ സ്വാധീനം ജീവിതത്തിൽ വരുത്തുന്ന അപകടകരമായ പരിണിതഫലങ്ങളെക്കുറിച്ച് എക്കാലവും നാം ബോധ്യമുള്ളവരായിരിക്കണം. 

അവസാനമായി, എല്ലാ പ്രശ്നത്തിലും ഒരു അവസരമുണ്ട് എന്ന് മനസ്സിലാക്കുകയും, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് മാനസികാരോഗ്യത്തിനും ജീവിത വിജയത്തിനും അടിസ്ഥാനം. ഓരോ പ്രശ്നത്തിനും പരിഹാരമുണ്ട്, അതിൻറെ കൂടെ ഒരു അവസരവും ഉണ്ട്. പ്രശ്നങ്ങളിലെ അവസരങ്ങളെ കാണാതെ പോയാൽ ആ പ്രശ്നങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ വളരെ വിപരീതമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ മാനസികാരോഗ്യദിനത്തിൽ ആരോഗ്യമുള്ള മനസ്സും, സൗഖ്യമുള്ള ശരീരവുമുള്ളവരാകാൻ പരിശ്രമിക്കാം. തനിയെ മറികടക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മുതിർന്നവരുടെയും മനശാസ്ത്ര വിദഗ്ധരുടെയും സേവനം തേടാൻ മടിക്കാതിരിക്കാം. എല്ലാവിധത്തിലും സന്തോഷകരമായ ആരോഗ്യജീവിതം നയിക്കുവാൻ, പ്രതിസന്ധികളിലെ അവസരങ്ങൾ കണ്ടെത്തി ജീവിതത്തിൽ മുന്നേറുവാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ."ലോകാ സമസ്താ സുഖിനോ ഭവന്തു"


ഒത്തിരി സ്നേഹത്തോടെ 

                    ✍️ ഫാ. ജോമോൻ ചവർപ്പുഴയിൽ സി.എം. ഐ

Comments

Anonymous said…
nice
Anonymous said…
nice
Anonymous said…
Very very applicable and motivating today's generation

Popular posts from this blog

കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!