രണ്ടായിരത്തി ഇരുപത്തിനാല് വിടവാങ്ങുമ്പോൾ ...

      

    ണ്ടായിരത്തി ഇരുപത്തിനാല് എന്ന ഒരുവർഷം നമ്മോട് വിട പറയുന്നു. ചിന്തിക്കുവാനും, പ്രവർത്തിക്കുവാനും പുരോഗമിക്കുവാനും ഒത്തിരിയേറെ അവസരങ്ങൾ വച്ചു നീട്ടിയ ഈയൊരു  കൊല്ലത്തിൻ്റെ അവസാനത്തിലെത്തി നിൽക്കുമ്പോൾ നന്ദിയോടെ സർവേശ്വരൻ്റെ കൃപയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നതിനോടൊപ്പംതന്നെ അവസാനിക്കുന്ന ഈ വർഷത്തിലെ നമ്മുടെ ജീവിതത്തെക്കുറിച്ച് ആത്മശോധന ചെയ്യുന്നത് ഉചിതമായിരിക്കും. അതിനുതകുന്ന ചില ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. 

  •  ഞാൻ ഈ ഒരു വർഷക്കാലം കൊണ്ട് പൂർത്തിയാക്കിയ ഏറ്റവും വലിയ കാര്യം എന്താണ്?
  • ഞാൻ ഏറ്റവും കൂടുതൽ പിന്തുടർന്ന മൂല്യം എന്താണ്? 
  • ഞാൻ കൂടുതൽ കഴിവ് തെളിയിച്ച മേഖല? 
  • ഞാനീ ഒരു വർഷക്കാലം കൊണ്ട് നേടിയെടുത്ത പുതിയ നല്ല സൗഹൃദങ്ങൾ ? 
  • ൻ്റെ ഈ വർഷത്തിലെ ഏറ്റവും വലിയ പരാജയം? 
  • ഞാൻ തിരുത്താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ?
  •  ഈ വർഷത്തിൽ എന്റെ സമയം ഞാൻ ഏറ്റവും കൂടുതൽ ചെലവഴിച്ച മേഖല? 
  •  ഈ വർഷം ഒരിക്കൽക്കൂടി പിന്നോട്ട് ചരിക്കാൻ എനിക്കായാൽ ഞാൻ എനിക്ക് തന്നെ നൽകുന്ന ഉപദേശം എന്തായിരിക്കും? 
  •  ഈ വർഷത്തിൻ്റെ ആരംഭത്തിൽ ഞാൻ എടുത്ത തീരുമാനങ്ങളും ഇപ്പോഴത്തെ അതിൻ്റ പുരോഗമനവും ?
         കിട്ടിയ നല്ല സൗഹൃദങ്ങളെയും അനുഗ്രഹങ്ങളെയും സന്തോഷത്തോടെ സ്മരിക്കാം. ഉപയോഗിക്കാൻ പറ്റാതെ പോയ അവസരങ്ങളെയോർത്ത് മാപ്പപേക്ഷിക്കാം, പുതിയ സ്നേഹത്തോടെ, തീക്ഷ്ണതയോടെ പുതുവർഷത്തെ സ്വീകരിക്കാനായി നമ്മെ തന്നെ സജ്ജമാക്കാം. ക്രിയാത്മകമായ മനസ്സിൽ നിന്നേ ക്രിയാത്മകമായ ചിന്തകൾ ഉണ്ടാകുകയുള്ളൂ. അവിടെ നിന്നു മാത്രമേ ക്രിയാത്മകമായ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളൂ. 
    
        ഈ കഴിഞ്ഞ ഒരു വർഷക്കാലം നമ്മുടെ ജീവിതത്തിലുണ്ടായ നിഷേധാത്മകമായ കാര്യങ്ങളെ മറികടക്കാൻ ശ്രമിക്കാം. നാം വസിക്കുന്ന ഭവനം ഇടയ്ക്ക് വൃത്തിയാക്കുന്നതുപോലെ ഈ വർഷാവസാനത്തിൽ നമ്മുടെ മനസ്സ് ശുചിയാക്കുവാൻ അല്പസമയം ചെലവഴിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. പാഴ് വസ്തുക്കൾ ഒഴിവാക്കുന്നതുപോലെ നമ്മുടെ മുമ്പോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തുന്ന നിഷേധാത്മക മനോഭാവങ്ങളും, പിന്നോട്ട് വലിക്കുന്ന ചിന്താരീതികളും ഒഴിവാക്കി മുന്നോട്ടുപോകാൻ പരിശ്രമിക്കാം. ഇങ്ങനെയൊക്കെ ചെയ്യുന്നതുവഴി ജീവിതത്തിലെ അനുകൂലവും പ്രതികൂലമായ സാഹചര്യങ്ങളിൽ നിന്ന് ജീവിതപാഠങ്ങൾ അഭ്യസിക്കുവാൻ നമുക്ക് കഴിയട്ടെ. ഓരോ അനുഭവവും ഒരു പാഠം പകരുന്നുണ്ട്; ഭാവി ജീവിതത്തിലേക്ക് ആവശ്യമായ പാഠം. ആ പാഠങ്ങളെ കണ്ടെത്തുകയാണ് ആദ്യപടി. അതിനുശേഷം ആ പാഠങ്ങളിൽ നിന്നുളവാകുന്ന നവീനമായ ചിന്തകൾ കൊണ്ട് നമ്മുടെ മനസ്സുകൾ നിറയ്ക്കാം. ഒരുപിടി നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തുസൂക്ഷിച്ചുകൊണ്ട് പുതുവത്സരത്തെ വരവേൽക്കാൻ പരിശ്രമിക്കാം. 

        ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ട് സ്ഥിരോത്സാഹത്തോടെ വീണ്ടും മുന്നേറുവാനായി ഇറങ്ങിത്തിരിച്ചവരാണ് നാം എന്ന ഓർമ്മപ്പെടുത്തൽ എപ്പോഴും നമ്മെ പ്രചോദിപ്പിക്കട്ടെ. ഹ്രസ്വമായ ഈ ജീവിതത്തിൻ്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ, പുതിയൊരു വർഷം കൂടി ദൈവം ദാനമായി നൽകുമ്പോൾ നാം മൺമറഞ്ഞ് ഓർമ്മയായിത്തീരും മുമ്പ്  സുകൃത ജീവിതം വഴി അപരന്റെ ഹൃദയത്തിൽ നല്ല ഓർമ്മകൾ കോരിയിടുവാൻ നമുക്ക് പരിശ്രമിക്കാം. ഇന്നത്തെ ചെറിയ തുടക്കങ്ങളായിരിക്കും നാളത്തെ വിജയത്തിന് അടിസ്ഥാനമെന്ന കാര്യം മറക്കാതിരിക്കാം. ദൈവവിശ്വാസവും, സ്ഥിരോത്സാഹവും, നിശ്ചയദാർഢ്യവും, കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ നമുക്ക് സാധിക്കും എന്ന ബോധ്യം നമ്മെ നയിക്കട്ടെ. പുതിയ  സ്നേഹത്തോടെ 2025നെ വരവേൽക്കാനൊരുങ്ങാം. ഈ വർഷക്കാലം ദൈവാനുഗ്രഹപ്രദമായി മാറട്ടെ. പുതുവത്സരത്തിൽ എല്ലാവിധ പ്രാർത്ഥനകളും വിജയാശംസകളും നേരുന്നു.

ഒത്തിരി സ്നേഹത്തോടെ,

                    ✍️ ഫാ. ജോമോൻ ചവർപ്പുഴയിൽ സി.എം. ഐ

Comments

Anonymous said…
താങ്ക്സ് ഫാദർ ഫോർ your ഗുഡ് thoughts

Popular posts from this blog

കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!

തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?