വാലന്റൈൻസ് ഡേ സ്നേഹം വളർത്തുന്നതോ വികാരം ജ്വലിപ്പിക്കുന്നതോ ?


      










  യുവതീയുവാക്കൾക്ക് പൊതുവേ ഹരം പകരുന്ന ദിവസമായ ഫെബ്രുവരി 14- വാലന്റൈൻസ് ഡേ ഒരിക്കൽക്കൂടി ആഗതമാകുന്നു. അതിനോടു ചേർന്ന് കിസ് ഡേ, ബ്രേക്ക്അപ് ഡേ, പ്രൊപ്പോസ് ഡേ, മിസ്സിംഗ് ഡേ എന്നീ ദിനങ്ങളെല്ലാം ഈ മാസത്തിൽ തന്നെ ആഘോഷിക്കപ്പെടുന്നു എന്ന വസ്തുത യുവജനതയുടെ ആവേശമുണർത്തുന്നു.

    പ്രണയജോഡികൾക്ക് പുഷ്പങ്ങളും,സമ്മാനങ്ങളും ആശംസകളുമെല്ലാം കൈമാറുന്നതിനും പരസ്പരം സ്നേഹ പ്രകടനങ്ങൾ നടത്തുന്നതിനുമായി രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് പരക്കെ കരുതപ്പെടുന്ന ഈ വാലന്റൈൻസ് ഡേയുടെ ഉത്ഭവത്തെക്കുറിച്ച് അറിയുന്നത് ഉചിതമായിരിക്കും.
      വാലന്റൈൻ എന്ന പേരിലുള്ള നിരവധി ക്രിസ്ത്യൻ രക്തസാക്ഷികൾ ചരിത്രത്തിലുണ്ടായിട്ടുണ്ട് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീപുരുഷന്മാരുടെ വിവാഹം നടത്തുവാൻ സഹായിച്ചുവെന്ന പേരിൽ ജയിലിടക്കപ്പെടുകയും  AD 270 ൽ ക്ലോഡിയസ് ചക്രവർത്തിയാൽ കൊല്ലപ്പെടുകയും ചെയ്ത വാലന്റൈൻസ് എന്ന മെത്രാന്റെ പേരിലാണ് വാലന്റൈൻസ് ഡേ ആഘോഷിക്കപ്പെടുവാൻ തുടങ്ങിയതെന്ന വസ്തുത നമ്മിൽ പലർക്കും പുതിയൊരു അറിവ് ആയിരിക്കും. അക്കാലത്ത്  വിവാഹം കഴിഞ്ഞ പുരുഷന്മാർക്ക് യുദ്ധത്തിനായി താൽപര്യം കുറയുന്നുവെന്ന് കണ്ടെത്തിയ ക്ലോഡിയസ് വിചിത്രമായ ഒരു നിയമത്തിലൂടെ റോമിൽ വിവാഹം നിരോധിച്ചുവത്രേ. ചക്രവർത്തിയുടെ ദൈവനിഷേധത്തെയല്ല ജീവിക്കുന്ന ദൈവത്തിന്റെ നിയമത്തെയാണ് ജീവിതത്തിൽ അനുവർത്തിക്കേണ്ടതെന്ന് ഉറച്ചു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ബിഷപ്പ് വാലൻ്റിയൻ പരസ്പരം സ്നേഹിക്കുന്നവരെ കണ്ടെത്തി രഹസ്യത്തിൽ അവരുടെ വിവാഹം നടത്തിക്കൊടുത്തതുമൂലം കുപിതനായ ചക്രവർത്തി ഇദ്ദേഹത്തെ ജയിലിടച്ചു. അവിടെ വച്ച് ജയിലറിൻ്റെ അന്ധയായ മകളുമായി  സൗഹൃദത്തിലായ വാലൻ്റിയൻ്റെ വിശുദ്ധമായ ചങ്ങാത്തം അവൾക്ക് കാഴ്ചശക്തി നൽകുവാൻ  ഇടയാക്കിയെന്ന് വിശ്വസിക്കപ്പെടുന്നു. ഇവരുടെ സൗഹൃദത്തെക്കുറിച്ചറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി ബിഷപ്പിന്റെ തല വെട്ടാൻ ഉത്തരവിടുകയും മരിക്കുന്നതിനു തൊട്ടുമുമ്പ് വാലന്റൈൻ ആ പെൺകുട്ടിക്ക് "ഫ്രം യുവർ വാലന്റൈൻ" എന്നൊരു കുറിപ്പ് എഴുതിവയ്ക്കുകയും ചെയ്തുവത്രേ. ഈ കത്തോലിക്കാ പുരോഹിതശ്രേഷ്ഠൻ്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നതെന്നാണ് ഐതിഹ്യം.
    
    ഇത്ര വിശുദ്ധമായ ദിനമാണെങ്കിലും ഇന്ന് നമ്മുടെ ആഘോഷങ്ങൾ സന്മാർഗികതയുടെയും പരിശുദ്ധിയുടെയും അതിർവരമ്പുകൾ ഭേദിക്കുന്നതാണോ എന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ദൈവം ദാനമായി തന്ന ലൈംഗികതയെ കേവലം തോന്നലുകളുടെയും പ്രായത്തിൻ്റെ വികാരങ്ങളുടെയും തീവ്രതയിൽ മാത്രം അപക്വമായി ഉപയോഗിക്കുകയും, മാനിക്കപ്പെടേണ്ട മനുഷ്യ ശരീരത്തെ ഉപഭോഗ വസ്തുവോ, പ്രദർശനത്തിനുള്ള  ഉപാധിയോ ആയി തരംതാഴ്ത്തുകയും ചെയ്യുന്നത് അങ്ങേയറ്റം സങ്കടകരമാണ്. പരിശുദ്ധമായി പരിഗണിക്കേണ്ട പ്രണയം മൃഗീയ ചാപല്യങ്ങളിലേക്കും,  പ്രണയ കെണികളിലേക്കും, മദ്യ- മയക്കുമരുന്ന് ലഹരിമാഫിയകളിലേക്കും നമ്മുടെ ഇളം തലമുറയെ ഒരുപരിധിവരെങ്കിലും എത്തിക്കുന്നുണ്ട് എന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്. കേരള മനുഷ്യമനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ അങ്ങേയറ്റം ദുഃഖകരമായ നെയ്യാറ്റിൻകര ഷാരോൺ വധക്കേസും, അതോടനുബന്ധിച്ചു നടന്ന കിരാതമായ സംഭവവികാസങ്ങളും, സങ്കീർണ്ണമായ കേസന്വേഷണങ്ങളും എല്ലാറ്റിനുമൊടുവിൽ വന്ന നിർണ്ണായകമായ വിധിയും ഒത്തിരിയേറെ ചർച്ച ചെയ്യപ്പെട്ട ദിനങ്ങൾ നമ്മുടെ ഓർമ്മയിൽ ഇപ്പോഴും സജീവമായിത്തന്നെ നിലനിൽക്കുന്നു. പരിശുദ്ധമായ പ്രണയം എത്രമാത്രം അധപതിക്കും
 എന്നതിൻറെ ഒരു സൂചനമാത്രമല്ലേ ഈ സംഭവം? അതുപോലെ ഉപഭോഗ സംസ്കാരവും സ്വാർത്ഥ ചിന്താഗതികളും നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും കാർന്നു തിന്നുന്നുവെന്നതിന് മറ്റൊരു തെളിവാണ് വിവാഹം തന്നെ വേണ്ടന്ന് തീരുമാനമെടുക്കുന്ന ഒരു കൂട്ടം യുവതീയുവാക്കളും അതുപോലെ  മനുഷ്യത്വമൂല്യങ്ങളെക്കാൾ ലാഭനഷ്ടങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന സമൂഹങ്ങളും. പരിപാവനമായി കരുതപ്പെടേണ്ട കുടുംബബന്ധങ്ങളും, ദാമ്പത്യവുമെല്ലാം സ്വാർത്ഥ താല്പര്യങ്ങൾക്കിടം കൊടുക്കുന്ന വിപണികൾ പോലെയായി എന്നത് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ട നഗ്നസത്യം തന്നെ.

    നല്ല ഭക്ഷണത്തെക്കാൾ രുചിയേറിയ ഭക്ഷണത്തിനും, മാന്യമായ വസ്ത്രങ്ങളേക്കാൾ ശരീരം ശ്രദ്ധിക്കപ്പെടുന്ന വസ്ത്രങ്ങൾക്കും,  ബോധ്യങ്ങളെക്കാൾ തോന്നലുകൾക്കും, ആത്മാർത്ഥ സ്നേഹത്തെക്കാൾ ബാഹ്യമായ ഇഷ്ടങ്ങൾക്കും, ധാർമ്മികതയെക്കാൾ ശരീര സുഖത്തിനും മാത്രം പ്രാധാന്യം കൊടുക്കുന്ന, കൃത്രിമ ബുദ്ധിയുടെ (AI) രണ്ടാംതലമുറയുടെ വരവിനായി ഈറ്റുനോവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പുതുതലമുറയ്ക്ക് ഈ വാലന്റൈൻസ് ഡേ നൽകുന്ന സന്ദേശം എന്തായിരിക്കും? വികാരങ്ങളെക്കാളും ഇഷ്ടങ്ങളെക്കാളും നിഷ്കളങ്കമായ വ്യവസ്ഥകളില്ലാത്ത സ്നേഹത്തിന് പ്രാധാന്യം കൊടുക്കുക;  തോന്നലുകളുടെ ആധിക്യത്തിൽ മനുഷ്യത്വത്തെ ബലി കഴിക്കാതിരിക്കുക;  ഒരു സന്ദർഭത്തിലും മാന്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതിരിക്കുക; എന്നെപ്പോലെ തന്നെ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണ് മറ്റുള്ളവരുമെന്ന വലിയ ഹൃദയ വിശാലതയുടെ ആഴത്തിലേക്ക് വളരുക. അപരന്റെ നന്മയെ കണ്ടെത്തി ആസ്വദിക്കുവാനും ആഘോഷിക്കുവാനും പഠിക്കുക; വസ്തുക്കളെക്കാൾ മനുഷ്യബന്ധങ്ങൾക്ക് മുൻഗണന കൊടുക്കുക. ഇതിലെല്ലാമുപരിയായി സ്നേഹം തന്നെയായ ദൈവത്തെ ഈ ലോകത്തിൽ പ്രതിഫലിപ്പിക്കുവാൻ ജീവിതം കൊണ്ട് പ്രാപ്തി നേടുക എന്നതായിരിക്കട്ടെ വാലന്റൈൻസ് ഡേ നൽകുന്ന വലിയ സന്ദേശം.പ്രണയത്തിൽ വീഴേണ്ടതല്ല പ്രണയം വഴി ഉയരേണ്ടതാണ് നമ്മുടെ ജീവിതം(Do not fall in love; but raise in love)എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. നിഷ്കപടമായ സ്നേഹത്തിൻ്റെ പ്രചാരകരായിത്തീരുവാൻ 2025 ലെ ഈ വാലന്റൈൻസ് ഡേ നമ്മെ പ്രാപ്തരാകട്ടെ.

ഒത്തിരി സ്നേഹത്തോടെ,

✍️ ഫാ. ജോമോൻ ചവർപ്പുഴയിൽ സി.എം. ഐ

Comments

Anonymous said…
Great fatherji... Inspiring and enriching for youth

Popular posts from this blog

കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!

തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?

രണ്ടായിരത്തി ഇരുപത്തിനാല് വിടവാങ്ങുമ്പോൾ ...